ഷിക്കാഗോ: സെന്റ് തോമസ് സീറോമലബാർ രൂപതാസ്ഥാപനത്തിന്റെയും മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി ഷിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടന്ന അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി കന്യാസ്ത്രീമാരുടെയും സംഗമത്തിൽ ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ ബിഷപ് ആയ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ ജൂബിലി ആഘോഷിച്ചു.
ഈ സംഗമത്തിന്റെ രണ്ടാം ദിവസം ഏപ്രിൽ 18ന് രാവിലെ ജൂബിലേറിയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ് ജോയി ആലപ്പാട്ട് വചന സന്ദേശം നൽകി. വികാരി ജനറൾമാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. ജോൺസൻ കോവൂർപുത്തൻപുരയിൽ, സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന പൊതുയോഗത്തിൽ ഫാ. ജോൺ മേലേപ്പുറം സ്വാഗതം ആശംസിച്ചു. ബിഷപ് ജോയി ആലപ്പാട്ട് അധ്യക്ഷനായിരുന്നു. യുഎസ് ഗവൺമെന്റിൽ സീനിയർ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ.ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനിയായ സി. അമേലിയ ഹൂളർ, സി. അഞ്ജലി മാത്യു എന്നിവർ മാർ ജേക്കബ് അങ്ങാടിയത്തിന് ജൂബിലി മംഗളങ്ങൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് റവ.ഫാ. അലക്സാണ്ടർ കുര്യൻ, സി. സേവ്യർ എന്നിവർ ചേർന്ന് മാർ ജേക്കബ് അങ്ങാടിയത്തിനെ പൊന്നാട അണിയിപ്പിച്ചു. തുടർന്ന് വിശിഷ്ഠാതിഥികളുടെയും പങ്കെടുത്ത ഇരുപത്തിയെട്ട് സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചു.
മാർ ജേക്കബ് അങ്ങാടിയത്ത് മറുപടി പ്രസംഗത്തിൽ തനിക്കു ലഭിച്ച ഈ അംഗീകാരത്തിന് ഏവർക്കും നന്ദി രേഖപ്പെടുത്തി. സി. ലിസ ആഞ്ഞിലിക്കൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. സേക്രഡ് ഹാര്ട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എംസിയായി പ്രവർത്തിച്ചു.
റോയി ചേലമലയിൽ